കംപ്യുട്ടർ പ്രോഗ്രാമിംഗ് മലയാളത്തില്‍ ലളിതമായി പരിചയപ്പെടുത്തുന്ന പരമ്പരയുടെ ആദ്യ ഭാഗം.
കംപ്യൂട്ടർ ഉപയോഗം സാർവത്രികമാണല്ലോ. വിദ്യാഭ്യാസം, ആരോഗ്യം, വാർത്താവിനിമയം തുടങ്ങി എല്ലാ മേഖലകളിലും കംപ്യൂട്ടർ ഉപയോഗിക്കുന്നു. അടിസ്ഥാനപരമായി, വളരെ വേഗത്തില്‍ കണക്കുകൂട്ടലുകള്‍ നടത്തുന്ന ഒരു യന്ത്രമാണ് കംപ്യൂട്ടർ.
കംപ്യൂട്ടറിന്റെ ചരിത്രം
വേഗത്തില്‍ കണക്കുകൂട്ടലുകള്‍ നടത്തുന്ന ഒരു യന്ത്രമാണ് കംപ്യൂട്ടർ എന്ന് പറഞ്ഞല്ലൊ. കണക്കുകൂട്ടാനുപയോഗിച്ചിരുന്ന ഉപകരണങ്ങളാണ് കംപ്യൂട്ടറുകളുടെ ആദ്യകാല രൂപങ്ങള്‍. ബി.സി. 2400 കാലത്ത് ബാബിലോണിയക്കാര്‍ ഉപയോഗിച്ചിരുന്ന, ഒരു മരപ്പലകയില്‍ ഒന്നിലേറെ മുത്തുകള്‍ ഘടിപ്പിച്ച ഒരു സംവിധാനമാണ് അബാക്കസ്. പിന്നീട് അബാക്കസിന്റെ വ്യത്യസ്‌ത രൂപങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രചാരത്തില്‍ വന്നു. ജ്യോതിശ്ശാസ്‌ത്രപരമായ കണക്കുക്കൂട്ടലുകള്‍ നടത്താന്‍ പ്രത്യേക യന്ത്ര സംവിധാനങ്ങള്‍ ബി.സി. 150 - 100 കാലത്ത് ഗ്രീക്കുകാര്‍ ഉപയോഗിച്ചിരുന്നു.
എ.ഡി. 17-ാം നൂറ്റാണ്ടിന്റെ തുടക്കംമുതലാണ് മികച്ച കണക്കുക്കൂട്ടല്‍ യന്ത്രങ്ങള്‍ വികസിപ്പിക്കപ്പെട്ടു തുടങ്ങിയത്. ലോഗരിഥത്തിന്റെ ഉപജ്ഞാതാവായ ജോണ്‍ നേപ്പിയര്‍ 1614ല്‍ വികസിപ്പിച്ചെടുത്ത ‘നേപ്പിയേര്‍സ് റോഡ്’ (Napier’s Rod) ഉപയോഗപ്പെടുത്തി ഗുണനം, ഹരണം, വര്‍ഗം കണ്ടുപിടിക്കല്‍ എന്നിവ ചെയ്യാമായിരുന്നു. 1620കളില്‍ ഇംഗ്ലണ്ടിലെ വില്യം ഒഫ് ട്രഡ് കണ്ടുപിടിച്ച ‘സ്ലൈഡ് റൂള്‍’ ആണ് പ്രചാരം നേടിയ മറ്റൊരു ഉപകരണം.
കംപ്യൂട്ടറിന്റെ പിതാവ് എന്നറിയപ്പെടുന്ന ചാള്‍സ് ബാബേജ് 1822ല്‍ കണ്ടുപിടിച്ച ‘ഡിഫറന്‍സ് എന്‍ജിന്‍’ ആദ്യത്തെ മെക്കാനിക്കല്‍ കംപ്യൂട്ടറായി കരുതപ്പെടുന്നു. 1801ല്‍ മാരിയ ജകാര്‍ദ് എന്ന ഫ്രഞ്ചുകാരന്‍ വികസിപ്പിച്ചെടുത്ത പഞ്ച്‌ഡ് കാര്‍ഡ് സംവിധാനം വഴിയാണ് ഡിഫറന്‍സ് എന്‍ജിനില്‍ ഇന്‍പുട്ട് നല്‍കപ്പെട്ടിരുന്നത്. ആവി യന്ത്രത്തിന്റെ സഹായത്തോടെ പ്രവര്‍ത്തിച്ചിരുന്ന ഡിഫറന്‍സ് എന്‍ജിനില്‍ ഔട്ട്‌പുട്ട് പ്രിന്റ് ചെയ്യാനുള്ള സൗകര്യവും ലഭ്യമായിരുന്നു.
ആദ്യത്തെ ഇലക്‌ട്രാണിക് ഡിജിറ്റല്‍ കംപ്യൂട്ടര്‍ ആയ എനിയാക് (ENIAC - Electronic Numerical Integrator and Calculator) 1945ല്‍ പെന്‍സില്‍വാനിയ സര്‍വകലാശാലയില്‍ നിര്‍മിതമായത് കംപ്യൂട്ടര്‍ ചരിത്രത്തിലെ നാഴികക്കല്ലാണ്. 18000 വാക്വം ട്യൂബുകളും, ധാരാളം അര്‍ധചാലക ഡയോഡുകളും ഉള്‍ക്കൊള്ളുന്ന ഈ ഉപകരണത്തില്‍ സെക്കന്റില്‍ 5000 സങ്കലനങ്ങളോ 500 ഗുണനങ്ങളോ നടത്താന്‍ കഴിഞ്ഞിരുന്നു. 30 ടണ്‍ ഭാരവും 150 ച.മീ. തറ വിസ്‌തീര്‍ണവും ഒരാളുയരവും ഇതിനുണ്ടായിരുന്നു.
ആധുനിക കംപ്യൂട്ടറുകളെക്കുറിച്ചും അവയുടെ പ്രവർത്തനരീതിയെക്കുറിച്ചും അടുത്ത ഭാഗത്തില്‍…